
അസ്താന:അന്താരാഷ്ട്രഗുസ്തിഫെഡറേഷന്റെ (UWW) വൈസ് പ്രസിഡന്റായി ഖത്തർ ബോക്സിങ് ആൻഡ് റെസ്ലിങ് ഫെഡറേഷൻ മുൻ പ്രസിഡന്റ് സാമിൽ സയ്യാഫ് അൽ ശഹ്റാനിയെ തിരഞ്ഞെടുത്തു. കസാഖിസ്ഥാനിൽ നടന്ന അന്താരാഷ്ട്ര ഫെഡറേഷൻ ജനറൽ അസംബ്ലിയിലാണ് വിവിധ രാജ്യങ്ങളിലെ പ്രതിനിധികളുടെ പങ്കാളിത്തത്തോടെ തിരഞ്ഞെടുപ്പ് നടന്നത്.
കായിക മേഖലയിലെ ദീർഘകാല അനുഭവസമ്പത്തും പ്രാദേശിക, അന്താരാഷ്ട്ര തലങ്ങളിൽ ഗുസ്തി കായികരംഗത്തിന്റെ വളർച്ചയ്ക്കായി നൽകിയ സംഭാവനകളും പരിഗണിച്ചാണ് അദ്ദേഹത്തെ ഈ പദവിയിലേക്ക് തിരഞ്ഞെടുത്തത്. മുൻപ് ഖത്തർ ബോക്സിങ് ആൻഡ് റെസ്ലിങ് ഫെഡറേഷൻ പ്രസിഡന്റ്, അറബ് റെസ്ലിങ് ഫെഡറേഷൻ പ്രസിഡന്റ്, അന്താരാഷ്ട്ര ഫെഡറേഷൻ എക്സിക്യൂട്ടീവ് ബോർഡ് അംഗം എന്നീ നിലകളിൽ സാമിൽ അൽ ശഹ്റാനി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
സാമിൽ അൽ ശഹ്റാനിയുടെ ഈ വിജയം ഖത്തറിനും അറബ് കായികലോകത്തിനും വലിയൊരു നേട്ടമാണെന്ന് ഖത്തർ ബോക്സിങ് ആൻഡ് റെസ്ലിങ് ഫെഡറേഷൻ പ്രസിഡന്റ് ശൈഖ് ഫഹദ് ബിൻ ഖാലിദ് അൽഥാനി പറഞ്ഞു. അന്താരാഷ്ട്ര കായിക സംഘടനകളുടെ നേതൃനിരയിലേക്ക് ഖത്തരി, അറബ് പ്രതിഭകൾ ഉയർന്നുവരുന്നതിന്റെ തെളിവാണിതെന്നും അദ്ദേഹം ഖത്തർ വാർത്താ ഏജൻസിയോട് (QNA) വ്യക്തമാക്കി.










